പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അഭ്യർത്ഥന

അപ്രതീക്ഷിതവും വിവരണാതീതവുമായ പ്രകൃതിദുരന്തത്തെ അതിജീവിച്ച് പുനരുജ്ജീവന പാതയിലാണ് നാം കേരളീയർ. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ  നാടും  നാട്ടാരും ഭരണ സംവിധാനവും എല്ലാം ഒന്ന് ചേർന്ന് പ്രവർത്തിച്ചതിനാൽ  ഒട്ടേറെ  മനുഷ്യജീവനുകളെ രക്ഷിക്കാൻ  നമുക്ക് കഴിഞ്ഞു.
        വീട് ഉപേക്ഷിച്ച് വന്നവർക്കായുള്ള  ദുരിതാശ്വാസ കേന്ദ്രങ്ങൾ കുടുംബ വീടുപോലെ തന്നെയായി. ഉടുതുണിക്ക് മറുതുണിയില്ലാതെ വന്നവർക്ക് വേണ്ട എല്ലാസഹായവും കേരളീയ സമൂഹവും ലോകത്തെമ്പാടുമുള്ള മലയാളികളും മറ്റു മനുഷ്യസ്നേഹികളും നൽകി. അപകടഘട്ടത്തിൽ കേരളീയ സമൂഹം കാട്ടിയ ഒരുമ, ലോകമലയാളി സമൂഹം കാട്ടിയ പിന്തുണ, മനുഷ്യ സ്നേഹികൾ കാട്ടിയ ഐക്യദാർഢ്യം എന്നിവ അതിജീവനപാതയിലെ പുത്തൻ അദ്ധ്യായമായി മാറി.
        പ്രളയ ബാധിതർക്ക് കൈത്താങ്ങ് ആകാനും ജീവിതം പുനർനിർമ്മിക്കാനുമായി ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചപ്പോൾ എല്ലാ കോണുകളിൽ നിന്നും സംഭാവന പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ നമുക്കുണ്ടായ നഷ്ടം വളരെ വലുതാണ്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി വളരെ വലിയ തുക വേണ്ടിവരും. തകർന്ന സ്കൂളുകൾ, പൊതു ഓഫീസുകൾ, റോഡുകൾ, പാലങ്ങൾ, വീടുകൾ, പൊതുഇടങ്ങൾ ഇവയെല്ലാം പുനർനിർമ്മിക്കാൻ ഭീമമായ തുക വേണ്ടിവരും. നമ്മൾ ഒരുമിച്ച് നിന്നാൽ ഇത് കണ്ടെത്താൻ കഴിയും. അതാണ് ദുരന്തകാലത്തെയും അതിനുശേഷവുമുള്ള കൂട്ടായ്മകൾ വെളിപ്പെടുത്തുന്നത്. ശേഖരിച്ചുവച്ച നാണയ തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വന്ന കുട്ടികൾ, ഭാവിയിൽ തങ്ങൾക്ക് ലഭിക്കുമായിരുന്ന ഭൂമി സംഭാവന ചെയ്ത കുഞ്ഞു മനസ്സ് ഇതെല്ലാം വികാരഭരിതമായ അനുഭവങ്ങളാണ്.
        പുനർനിർമ്മാണത്തിനായി വേണ്ട തുക കണ്ടെത്താൻ സംഘടിതമായ ശ്രമം നടത്തുകയാണ് കേരള സർക്കാർ. ഈ സംരംഭത്തിൽ കേരളത്തിലെ മുഴുവൻ കുട്ടികളെയും  പങ്കാളികളാക്കണം എന്ന് സർക്കാർ കരുതുന്നു. കുട്ടികളുടെ സംഭാവന സ്കൂൾ  അടിസ്ഥാനത്തിൽ സെപ്തംബർ 11 ന് ശേഖരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികളുടെ വകയായി  ലഭിക്കുന്ന തുക സ്കൂളടിസ്ഥാനത്തിൽ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നമുക്ക് നൽകാം. തങ്ങളാൽ കഴിയാവുന്ന തുക നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് കുട്ടികളോടും സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment