എല്‍.പി. യു.പി.സ്കൂളുകളില്‍ ഹൈടെക് സംവിധാനം സ്ഥാപിക്കാന്‍ 300 കോടി

എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴു വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളിലും ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നത്തെ ബജറ്റ് പ്രസഗത്തില്‍. ഇതിനായി'കിഫ്ബി' വഴി 300 കോടി രൂപ വകയിരുത്തി.

പ്രൈമറി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന്'കൈറ്റ്'  പദ്ധതി സമര്‍പ്പിച്ചിരുന്നു.നിലവില്‍ ഹൈസ്ക്കൂളുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്‍.പി.-യു.പി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടായിരത്തിലധികം സ്കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് മേഖലകളിലെ  11000ലധികം സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.

ലാപ്‍ടോപ്പ്, പ്രൊജക്ടര്‍,മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍,ഹാന്‍ഡിക്യാം, ടെലിവിഷന്‍,വെബ്ക്യാം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് തുടങ്ങിയവ ഓരോ സ്കൂളിനും ഇതുവഴി ലഭ്യമാക്കാനാകും.

പ്രൈമറി തലങ്ങളില്‍ എല്ലാ ക്ലാസ് മുറികളിലും ഹൈടെക് (സ്മാര്‍ട്ട്)സംവിധാനം ഏര്‍പ്പെടുത്തണമെന്നില്ല.  കാരണം ഈ പ്രായത്തിലുള്ള കുട്ടികള്‍ കൂടുതല്‍ സമയം ലാപ്‍ടോപ്പിനും പ്രൊജക്ടറിനും മുന്നില്‍ ഇരിക്കേണ്ടിവരുന്ന സാഹചര്യം അക്കാദമികപരമായും ആരോഗ്യപരമായും ഒഴിവാക്കേണ്ടതാണ് എന്നതാണ്.മാത്രമല്ല കുട്ടികള്‍ സ്കൂളുകളിലെ സ്വാഭാവിക അന്തരീക്ഷവുമായി കൂടുതല്‍ ഇടപഴകുന്നതിന് അവസരമൊരുക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ആധുനിക വിവരവിനിമയ സാങ്കേതികവിദ്യയുടെ പ്രയോജനം ഈ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കേണ്ടതുമുണ്ട്.അതുകൊണ്ടുതന്നെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ലാപ്‍ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അത് ലാബിലും ക്ലാസ് മുറികളിലും പൊതുവായി പ്രയോജനപ്പെടുത്തുക എന്ന മാതൃകയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

കൈറ്റിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 189പ്രൈമറി സ്കൂളുകളില്‍ മേല്‍പ്പറഞ്ഞ ഹൈടെക് സംവിധാനങ്ങളുടെ പൈലറ്റ് വിന്യാസം പൂര്‍ത്തിയാക്കിയിരുന്നു.ഹൈടെക് സ്കൂള്‍ പദ്ധതിയില്‍ അനുവര്‍ത്തിച്ചപോലെ പ്രൈമറിയിലെ ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനങ്ങള്‍,ഡിജിറ്റല്‍ ഉള്ളടക്കം, മോണിറ്ററിംഗ് സംവിധാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതാണ്.

കെ. അൻവർ സാദത്ത്

വൈസ് ചെയർമാൻ , കൈറ്റ് 

No comments:

Post a Comment