പൂവച്ചൽ എന്ന് പേരു വന്നതെന്ന്

പൂവച്ചൽ എന്ന് പേരു വന്നതെന്ന്

മാർത്താണ്ഡ വർമ്മയെ വധിക്കാൻ തമ്പിമാരും എട്ടുവീട്ടിൽ പിള്ളമാരും തക്കം പാർത്തു നടക്കുന്ന കാലം. വർമ്മയുടെ യാത്രകൾ അധികവും ഊടുവഴികളൂടെയും പതിവു തെറ്റിച്ച അസാധാരണ മാർഗങ്ങളിലൂടെയുമൊക്കെയായിരുന്നു. ഇങ്ങനെ ഒരിക്കൽ കള്ളിക്കാടിനടുത്ത് വാവോടെത്തിയപ്പോൾ വർമ്മയെ ശത്രുക്കൾ വളഞ്ഞു. അപകടം മനസ്സിലാക്കിയ യുവരാജാവ് വഴിമാറി കാട്ടിലെ ഊടുവഴികളൂടെ ഉള്ളിലേയ്ക്ക് കടന്നു. വഴിതെറ്റി കാട്ടിലലഞ്ഞ അദ്ദേഹത്തെ കണ്ടെത്തി രക്ഷിച്ചത് കോട്ടൂർ വനത്തിലെ ഗോത്ര സമൂഹമായ കാണിക്കാരാണ്.
നായാട്ടിനായി പോയ കാണിക്കാരെ ദൂരെ വച്ച് കണ്ട വർമ്മ, ശത്രുക്കളാണ് വരുന്നതെന്ന് കരുതി ഒളിച്ചിരുന്നു. അവർ അടുത്തെത്തിയപ്പോൾ അപകടമില്ലെന്ന് മനസ്സിലാക്കി സ്വയം പരിചയപ്പെടുത്തി. കാണിക്കാർ വർമ്മയ്ക്ക് ഭക്ഷിക്കാൻ തേനും തിനയും നൽകി. കോട്ടൂരിലെ ഗോത്ര ഗ്രാമത്തിലെത്തിയ മാർത്താണ്ഡ വർമ്മയെ ഊരു മൂപ്പൻ അയ്യൻ ആചാരപൂർവ്വം സ്വീകരിച്ചു. അടുത്ത ഊരിലെ മൂപ്പനായ പരപ്പൻ മല്ലൻ്റെ സഹായത്തോടെ കാട്ടുവഴികളിലൂടെ പത്മനാഭപുരത്തേയ്ക്ക് വർമ്മയെ കൊണ്ടുപോയി. ചെമ്പകത്തരിശ് എന്ന സ്ഥലത്തെത്തിയപ്പോൾ ശത്രു സാന്നിധ്യം തിരിച്ചറിഞ്ഞ കാണിക്കാർ കൊണ്ടകെട്ടിയ്ക്കടുത്തുള്ള വരമ്പതി ഗുഹയിൽ വർമ്മയെ ഒളിപ്പിച്ചു. എന്നിട്ട് പുറത്ത് കാവൽ നിന്നു. യുവരാജാവിനെ കണ്ടെത്താനാവാതെ ശത്രുക്കൾ പിൻവാങ്ങിയെന്ന് ഉറപ്പായ ശേഷം യാത്ര തുടർന്ന അവർ വർമ്മയെ സുരക്ഷിതമായി കൊട്ടാരത്തിലെത്തിച്ചു.
രാജ്യാധികാരം കിട്ടിയപ്പോൾ മാർത്താണ്ഡ വർമ്മ, ഊരുമൂപ്പൻ അയ്യന് 'പെരുമാൾ' എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. കരമൊഴിവായി ധാരാളം വനഭൂമി കാണിക്കാർക്ക് പതിച്ചു നൽകി. ഇതിൽ പലതും പിൽക്കാലത്ത് അന്യാധീനപ്പെട്ടുപോയി.
      തിരുവിതാംകൂർ രാജകുടുംബവും കോട്ടൂരിലെ കാണിക്കാരും തമ്മിലുള്ള വിശേഷ ബന്ധം ആരംഭിക്കുന്നത് ഇങ്ങനെയാണ്. തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ എല്ലാ ഓണത്തിനും കൃഷി വിഭവങ്ങളുമായി കാണിക്കാർ കവടിയാർ കൊട്ടാരത്തിലെത്താൻ തുടങ്ങി. ആ ബന്ധം ഇന്നും തുടരുന്നു. ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തിലെ വിശേഷ പൂജകൾക്കുള്ള പൂക്കളെത്തിച്ചിരുന്നത് കൊട്ടൂരിലെ കാണിക്കാരാണ്. തലച്ചുമടായി കൊണ്ടുപോയിരുന്ന പൂവ് ഇറക്കി വച്ച് വിശ്രമിക്കുന്ന സ്ഥലത്തിനാണ് പിന്നീട് പൂവച്ചൽ എന്ന് പേരു വന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ് പറയുന്നു.

No comments:

Post a Comment